സാധ്യതകളുടെ കലയാണ് രാഷ്ട്രീയം. നെറികേടുകളുടെ കളിക്കളമാണ് കേരളരാഷ്ട്രീയം. ഇവിടെ, സംക്രമപുരുഷന്മാരെ പോലെ ചില പ്രതിഭാസങ്ങള്‍ പ്രത്യക്ഷപ്പെടാറുണ്ട്. രാഷ്ട്രീയ ചക്രവാളത്തില്‍ പ്രതിഭയുടെ സ്ഫുരണങ്ങള്‍ മിന്നിച്ച് മണ്മറഞ്ഞു പോയ ജനപ്രിയര്‍.അവരുടെ ഉയര്‍ച്ചയും തകര്‍ച്ചയും വിശകലനാതീതമായിരിക്കും. കേരളത്തിലെ ഇത്തരത്തിലുള്ള നഷ്ട പ്രതിഭകളുടെ ഒരു കണക്കെടുത്താല്‍, പ്രഥമഗണനീയന്‍ എം എ ജോണ്‍ ആയിരിക്കും.
എന്തുകൊണ്ട് എം എ ജോണ്‍? |
ഇത് എം എ ജോണ്‍… കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ആദര്‍ശത്തിന്റെ വിത്തുകള്‍ പാകിയ മനുഷ്യന്. കെഎസ്യുവിന്റെ സ്ഥാപക നേതാക്കളില്‍ ഒരുവന്. പരിപാടിയിലുള്ള പിടിവാശി പടവാളാക്കിയ പരിവര്‍ത്തനവാദി. ആദര്‍ശം ജീവിതമാക്കിയ ജോണ്‍ നമ്മെ വിട്ടു പിരിഞ്ഞിട്ട് മൂന്നു വര്‍ഷം തികയുന്നു.
കുറവിലങ്ങാട് സ്കൂള്‍ ഹെഡ്മാസ്റ്റര് ആയിരുന്ന മറ്റത്തില്‍ മാന്നുള്ളില്‍ വീട്ടില്‍ എം.ജെ. ഏബ്രഹാം – കുളത്തുനാലില് മറിയക്കുട്ടി ദമ്പതികളുടെ ഏഴുമക്കളില്‍ നാലാമന്. 1936 ജൂണ്‍ 26-നാണ് ജനനം.
സ്കൂളില്‍ പഠിക്കുമ്പോള്‍ തന്നെ സമരത്തില്‍ പങ്കെടുത്തു. കുര്യനാട് പാവയ്ക്കല്‍ ഗവ. എല്‍.പി. സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. കുറവിലങ്ങാട് നിധീരിക്കല്‍ മാണിക്കത്തനാര്‍ സ്ഥാപിച്ച സെന്റ് മേരീസ് സ്കൂളില്‍ എട്ടാംക്ലാസ്സ് വരെ പഠിച്ചു (കെ ആര് നാരായണന് ഈ സ്കൂളില്‍ പഠിച്ച ആളാണ്). സ്കൂളില്‍ തനിക്കെതിരെ പക്ഷപാതപരമായി പെരുമാറിയ അധ്യാപകനെതിരെ ജോണ്‍ പ്രതികരിച്ചു. കൊടിപിടിച്ചു. പള്ളി ഇടപെട്ടു ജോണിനെ സ്കൂളില്‍നിന്ന് പുറത്താക്കി. തുടര്‍ന്ന് കോട്ടയം സേക്രഡ്ഹാര്‍ട്ട് സ്കൂളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 1957-ല്‍ കോട്ടയം സി.എം.എസ്. കോളേജില്‍ പ്രീ യൂണിവേഴ്സിറ്റി പഠനകാലത്താണ് ജോര്‍ജ് തരകന്, വയലാര്‍ രവി എന്നിവര്‍ക്കൊപ്പം കെ.എസ്.യു.വിന് രൂപംനല്കിയത്.
കേരളത്തിലെ കലാലയങ്ങളില്‍ എഐഎസ്എഫ് എന്ന സംഘടന മാത്രം ഉണ്ടായിരുന്ന ഒരു കാലഘട്ടത്തില്‍ കോണ്‍ഗ്രസ് ആഭിമുഖ്യമുള്ള ചില ഒറ്റപ്പെട്ട സംഘടനകള്‍ മാത്രമേ പ്രവര്‍ത്തിച്ചിരുന്നുള്ളൂ. അതില്‍ പ്രമുഖം വയലാര്‍ രവിയുടെ നേത്രത്വത്തില്‍ ആലപ്പുഴ എസ് ഡി കോളേജില്‍ പ്രവര്‍ത്തിച്ചിരുന്ന “ഇന്‍ഡിപെന്‍ഡന്റ് സ്റ്റുഡന്റ്സ് ഓര്ഗനൈസേഷന്” ആയിരുന്നു. എറണാകുളം ലോ കോളേജിലെ വിദ്യാർത്ഥികൾക്കും അവരുടെ കലാലയത്തിൽ ഇതേ രീതിയിലുള്ള മറ്റൊരു സംഘടനയുണ്ടായിരുന്നു.
1957 മേയ് 30-നു് ആലപ്പുഴയിലെ താണു അയ്യർ ബിൽഡിങ്ങിൽ വച്ചാണു് കേരളാ സ്റ്റുഡന്റ്സ് യൂണിയൻ (കെ.എസ്. യു.) എന്ന സംഘടന രൂപം കൊള്ളുന്നതു്. കെഎസ്യുവിന്റെ ആദ്യ പ്രസിഡണ്ട് ജോർജ്ജ് തരകനും സെക്രട്ടറി രവിയും ഖജാൻജി സമദ് എന്നയാളുമായിരുന്നു. കൊല്ലം ഡി സി സി പ്രസിഡന്റ് ആയിരുന്ന സി എം സ്റ്റീഫന്‍ മാത്രമേ ഈ സംഘടനയുടെ യോഗത്തിലേക്ക് ഔദ്യോഗിക ഭാരവാഹികളെ അയച്ചുള്ളൂ. കൂടാതെ കെ പി സി സി സെക്രട്ടറി ജോര്ജു മാത്തന് കെ എസ് യു ഒരു കോണ്‍ഗ്രസ് സംഘടന അല്ല എന്നും പ്രഖ്യാപിച്ചു കളഞ്ഞു. ജോണിന്റെ ഉത്സാഹത്തില്‍ കുറവിലങ്ങാട് വച്ച് കെ എസ് യു വിന്റെ ആദ്യ ക്യാമ്പ് നടന്നു. ഈ ക്യാമ്പില്‍ ജയപ്രകാശ് നാരായണ്‍ പങ്കെടുത്തിരുന്നു. ഏറ്റവും വലിയ തമാശ കെ എസ് യു വിന്റെ ഔദ്യോഗിക ചരിത്രത്തില്‍ ജോണിന്റെ പേരെ പരാമര്‍ശിച്ചിട്ടില്ല (അപ്പപ്പോ കാണുന്നവരെ എന്തും വിളിക്കുന്നവരാണല്ലോ കോണ്‍ഗ്രസുകാര്‍).
ജവഹര്‍ലാല്‍ നെഹൃവും കാമരാജും |
1961 ല്‍ എം എ ജോണ്‍ യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറി ആയി. ഇന്നത്തെ പോലെ രാഹുല്‍ ഗാന്ധി ഇന്റര്‍വ്യൂ നടത്തിയും ടാലെന്റ് ടെസ്റ്റ് നടത്തിയും മാര്‍ക്കെറ്റിംഗ് എക്സിക്യുട്ടീവുകളെ തിരഞ്ഞെടുക്കുന്ന രീതിയിലല്ല, തിരഞ്ഞടുക്കപ്പെട്ട ജനറല്‍ സെക്രട്ടറി. എന്നാല്‍ അന്ന് തിരുത്തല്‍ ശക്തിയായിരുന്ന യൂത്ത് കോണ്‍ഗ്രസിനെ, ഭരണത്തില്‍ അള്ളിപ്പിടിച്ചു കിടന്ന കടല്കിഴവന്മാര് അംഗീകരിച്ചില്ല. 1964 ല്‍ കാമരാജ് കോണ്‍ഗ്രസ് പ്രസിഡന്റ് ആയപ്പോള്‍ യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി പിരിച്ചു വിട്ടു. ഇതിനെതിരെ ജോണ്‍ കാമരാജിന് കത്തെഴുതി. തൊട്ടു പിന്നാലെ യൂത്ത് കോണ്‍ഗ്രസ് പുനഃസംഘടിപ്പിക്കാന്‍ കാമരാജ് ഒരു നാലംഗ സമിതിയെ നിയമിച്ചു.എന്‍ ഡി തിവാരി കണ്‍വീനര്‍ . മോഹന്‍ ധാരിയ, നന്ദിനി സത്പതി, എം എ ജോണ്‍ എന്നിവര്‍ അംഗങ്ങളും.
ജവഹര്‍ലാല്‍ നെഹ്റു യുഗത്തിലെ കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ ആകര്‍ഷണീയത അതിലെ ആന്തരിക ജനാധിപത്യമായിരുന്നു. അങ്ങനെ നെഹ്രുവിന്റെ മൌന അനുഗ്രഹത്തോടെ രൂപം കൊണ്ട കോണ്‍ഗ്രസ് സോഷ്യലിസ്റ്റു ഫോറത്തില്‍ ജോണ്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചു. ഭുവനേശ്വര്‍ എഐസിസി, ആവഡി സോഷ്യലിസം അടിവരയിടുന്ന പ്രമേയം പാസ്സാക്കിയതിനു പിന്നില്‍ ജോണിന്റെ പരിശ്രമവും ഉണ്ടായിരുന്നു.
1968 ല്‍ ടി ഒ ബാവയ്ക്കെതിരെ കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചു. കേരള കോണ്‍ഗ്രസുമായി ഇലക്ഷന് കൂട്ടുകെട്ട് ഉണ്ടാക്കുന്നതിനെ പരസ്യമായി ചോദ്യം ചെയ്ത ജോണിനെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കി. ടി ഓ ബാവക്ക് എതിരെ “മോഹഭംഗങ്ങളുടെ തടവുകാരന്” എന്ന പ്രസ്താവന ഇറക്കിയതിന്റെ പേരിലായിരുന്നു ഇത്.
ജോണിന്റെ രാഷ്ട്രീയ ശിഷ്യന് ആയിരുന്ന എ കെ ആന്റണി ആയിരുന്നു അന്ന് കെ പി സി സി സെക്രടറിയും ടി ഓ ബാവയുടെ വലംകൈയും. ജോണ്‍ അകത്തു കടക്കാതിരിക്കാനും അകത്തുള്ള സ്വന്തം അനുയായികള്‍ പുറത്ത് പോകാതെ ഇരിക്കാനും ആന്റണി കെ പി സി സിയുടെ വാതിലുകള്‍ ശക്തമായി തന്നെ അടച്ചു. എന്നാല്‍ ജോണ്‍ ഇതിനെതിരെ കേസ് കൊടുത്തു. അത് കൂടാതെ ജോണിനെ അനുകൂലിക്കുന്നവര്‍ ഒത്തു ചേര്‍ന്ന് ഒരു സംഘടന രൂപീകരിച്ചു. അന്നത്തെ മാധ്യമങ്ങള്‍ അവരെ പരിവര്‍ത്തനവാദികള്‍ എന്ന് വിളിച്ചു.
സി അച്യുതമേനോന്റെ ആദ്യ മന്ത്രി സഭ രാജി വെച്ച് തിരഞ്ഞെടുപ്പ് നേരിട്ടപ്പോള്‍ ജോണ്‍ കോണ്‍ഗ്രസിനു പുറത്തായിരുന്നു. ടി ഓ ബാവയ്ക്ക് പകരം കെ കെ വിശ്വനാഥന് കെ പി സി സി പ്രസിഡണ്ടായി. തിരഞ്ഞെടുപ്പില്‍ ഇരുപത്തിനാല് പേര് പരിവര്‍ത്തനവാദികളായി മത്സരിക്കുവാന്‍ തീരുമാനിച്ചു. എന്നാല്‍ കെ കെ വിശ്വനാഥന് നേരിട്ടെത്തി ജോണിനെ കണ്ടു സംസാരിച്ചു. തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഉടന്‍ ജോണിനെയും അനുയായികളെയും കോണ്‍ഗ്രസില്‍ തിരികെ എടുക്കാം എന്ന് വാഗ്ദാനം ചെയ്തു. ജോണ്‍ അത് സ്വീകരിക്കുകയും ചെയ്തു.
അന്ന് മറിച്ചു സംഭവിച്ചിരുന്നു എങ്കില്‍ ഒരുപക്ഷേ ചരിത്രം തന്നെ മാറിയേനെ. എന്നാല്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ കെ കെ വിശ്വനാഥനു മറവി രോഗം ബാധിച്ചു. കോണ്‍ഗ്രസില്‍ സാധാരണ സംഭവിക്കുന്ന എല്ലാ വാഗ്ദാനലംഘനവും പോലെ ഒന്ന് കൂടി. പിന്നെയും കാലം കഴിഞ്ഞു, അനുകൂലമായ കോടതി വിധി ഉണ്ടാകും എന്ന് വരികയും ജോണിന് ചുറ്റും അതിവേഗം അനുയായികളുടെ ഒരു സഞ്ചയം ഉണ്ടാവുകയും ചെയ്തപ്പോള്‍, നാലു വര്‍ഷത്തിനു ശേഷം 1972 ല്‍ ജോണ്‍ കോണ്‍ഗ്രസില്‍ തിരികെ എത്തി. എന്നാല്‍ പ്രാഥമിക അംഗം മാത്രമായതിനാല്‍ അദ്ദേഹത്തിന് പാര്‍ട്ടി പദവികളിലേക്ക് മത്സരിക്കാനോ ഭാരവാഹിയാകാനോ കഴിഞ്ഞില്ല. ജോണിനെ നോക്കുകുത്തിയാക്കി എ കെ ആന്റണി കെപിസിസി പ്രസിഡന്റ് ആയി മാറി.
എന്നാല്‍ തിരികെ എത്തിയെ ജോണിനെ കാത്ത് വന്‍ അനുയായി വൃന്ദം ആയിരുന്നു ഉണ്ടായിരുന്നത്. അടുത്ത മൂന്നു മാസങ്ങള്‍ കൊണ്ടു നൂറ്റി ഇരുപതില്പരം യോഗങ്ങളില്‍ ജോണ്‍ പ്രസംഗിച്ചു. ഗ്രാമാന്തരങ്ങളെ ഇളക്കിമറിച്ചുകൊണ്ട് ജോണ്‍ ഒരു കൊടുങ്കാറ്റായി മാറി. ഒരു വീര നായകന്റെ പരിവേഷം ജോണിന് ലഭിച്ചു.
എന്‍ പി രാജേന്ദ്രന് പറയുന്നത് കേള്‍ക്കുക …
ജോണിന്റെയത്രയും വായിക്കുകയും രാഷ്ട്രീയത്തിന്റെയും സാമൂഹ്യശാസ്ത്രത്തിന്റെയും ഒടുവിലത്തെ വികാസങ്ങള്‍ പോലും ഹൃദിസ്ഥമാക്കുകയും ചെയ്യുന്ന വേറെ നേതാക്കളെ കാണുക പ്രയാസമായിരുന്നു, പ്രത്യേകിച്ചും കോണ്‍ഗ്രസ് അനുബന്ധ പ്രസ്ഥാനങ്ങളില്‍. വളരെ ശാന്തമായി, ശബ്ദഘോഷങ്ങളൊന്നുമില്ലാതെ മണിക്കൂറുകളോളം നീളുന്ന അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ കേള്‍ക്കാന്‍ എല്ലാ പാര്‍ട്ടികളിലും പെട്ടവര്‍ എത്താറുണ്ട്. പല പുസ്തകങ്ങള്‍ വായിച്ചാല്‍ കിട്ടുന്നതിലേറെ അറിവ് അദ്ദേഹത്തിന്റെ ഒരു പ്രസംഗത്തില്‍ നിന്നുകിട്ടുമെന്നാണ് പറയാറുള്ളത്. കോണ്‍ഗ്രസ്സിന്റെ ആശയലോകത്തിന് അന്ന് – ഇന്നും- അന്യമായ പല ആശയങ്ങളും അദ്ദേഹം വീറോടെ ഉയര്‍ത്തിപ്പിടിച്ചു.
സ്ത്രീവിമോചനത്തെ കുറിച്ച് പറയാന്‍ സ്ത്രീകള്‍ പോലും രംഗത്തില്ലാത്ത കാലത്താണ് അദ്ദേഹം അതൊരു മുദ്രാവാക്യമായി ഉയര്‍ത്തിയത്. കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ നാസ്തികതയും യുക്തിവാദവും മറവില്ലാതെ ഉയര്‍ത്തിപ്പിടിച്ച വേറെ ആരുണ്ട് ? മതമാണ് രോഗം, വര്‍ഗീയത രോഗലക്ഷണം മാത്രമാണ് എന്നദ്ദേഹം പറയാറുള്ളത് ഒരുപാട് നെറ്റികള്‍ ചുളിയിച്ചിട്ടുണ്ട്.
കോണ്‍ഗ്രസ്സുകാരനെന്ന നിലയിലും തികഞ്ഞ ആദര്‍ശവാദി എന്ന നിലയിലും അദ്ദേഹം ഒരു ഗാന്ധിയനായിരുന്നു. അതില്‍ അത്ഭുതമില്ല. പക്ഷേ അദ്ദേഹം രാംമനോഹര്‍ ലോഹ്യയുടെ ആശയങ്ങള്‍ അംഗീകരിക്കുന്നു എന്നത് ലോഹ്യാ സോഷ്യലിസ്റ്റുകള്‍ക്കുപോലും അത്ഭുതമായി തോന്നിയിരുന്നു. (ലോഹ്യ സോഷ്യലിസവും കോണ്‍ഗ്രസിന്റെ ആവഡി സോഷ്യലിസവും തമ്മില്‍ വ്യത്യാസമുണ്ട്)
ജോണ്‍ പ്രസംഗിക്കാന്‍ വരുന്നതിനു ആഴ്ചകള്‍ക്ക് മുന്‍പ് ആ പ്രദേശത്തെ മതിലായ മതിലെല്ലാം ഉദ്ധരണികള്‍ പ്രത്യക്ഷപ്പെടുമായിരുന്നു. കേള്‍ക്കുന്നവരില്‍ ആവേശം ജനിപ്പിക്കുന്ന അത്തരം മുദ്രാവാക്യങ്ങള്‍ ആയിരുന്നു പരിവര്‍ത്തനവാദികളുടെ തുരുപ്പ് ചീട്ട്.
‘എം.എ.ജോണ്‍ നമ്മെ നയിക്കും, പരിപാടിയിലുള്ള പിടിവാശിയാണ് പരിവര്‍ത്തനവാദിയുടെ പടവാള്, അച്ചടക്കം അടിമത്തമല്ല; അധികാരം പ്രയോഗിക്കാനുള്ള ആയുധമാണ്, പാര്‍ട്ടി പൂജിക്കാനുള്ള വിഗ്രഹമല്ല, പരിവര്‍ത്തനം കോണ്‍ഗ്രസിലൂടെ മാത്രം എന്നിവയായിരുന്നു പ്രധാന ഉദ്ധരണികള്‍.
ചൈനയില്‍ ചെയര്മാന് മാവോയെ കേന്ദ്രീകരിച്ച് നടത്തിയ ആശയപ്രചാരണ രീതിയാണ് പരിവര്‍ത്തന വാദികള്‍ നടത്തിയത്. അന്ന് കേരളത്തിലെ മതിലുകളില്‍ മാവോ സൂക്തങ്ങള്‍ – വിപ്ലവം ജനങ്ങളുടെ ഉത്സവമാണ്, വിപ്ലവം തോക്കിന് കുഴലിലൂടെ, ചെയര്മാന് മാവോ നീണാള്‍ വാഴട്ടെ എന്നിവയൊക്കെ – പ്രത്യക്ഷമായി. (മാവോ ഇന്ത്യയുടെ ചെയര്മാന് അല്ല എന്നതും അയലത്തുകാരനെ അപ്പാ എന്ന് വിളിക്കുന്ന സ്വഭാവം ഭൂരിപക്ഷം ഇന്ത്യാക്കാര്‍ക്കും ഇല്ല എന്നതും മനസ്സിലാക്കാന്‍ എടുത്ത താമസവും നക്സല്‍ പ്രസ്ഥാനത്തിന്റെ തകര്‍ച്ചക്ക് കാരണമാണ്) പില്ക്കാലത്ത് സിമിയും ബോധിനി ചെങ്ങാലൂര്‍ എന്ന ഒറ്റയാള്‍ സംഘടനയും ഇതുപോലെ മതിലുകള്‍ വെട്ടിപ്പിടിക്കാന്‍ ശ്രമിച്ചു.
പൊതുജനങ്ങളുടെ ശ്രദ്ധയും കോണ്‍ഗ്രസുകാരുടെ ആദരവും ,മാധ്യമ സ്ഥലവും എം എ ജോണ്‍ കൊണ്ടു പോകുന്നു എന്ന് മനസ്സിലായപ്പോള്‍ കെപിസിസി പ്രസിഡന്റ് ശ്രീമാന്‍ ഏ കെ ആന്റണിയുടെ അച്ചടക്കബോധവും പാര്‍ട്ടിക്കൂറും പുനര്‍ ജനിച്ചു. കൂനിന്മേല് കുരുപോലെ കൊച്ചിയില്‍ നടന്ന യൂത്ത്കോണ്‍ഗ്രസ് സമ്മേളനം അടികലശലില് ചെന്നെത്തി. അന്ന് വി എം സുധീരന് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റും ആന്റണിയുടെ പടത്തലവനും ആയിരുന്നു. തന്റെ പദവിയെ വിഴുങ്ങാന്‍ അതിവേഗം വളരുന്ന ദുര്‍ഭൂതത്തെ ഉച്ചാടനം ചെയ്യാന്‍ തന്നെ ആന്റണിയും ചുറ്റും കൂടിയ വൈതാളികരും തീരുമാനിച്ചു. അങ്ങനെ ആദര്‍ശത്തിന്റെ താഡനമേറ്റ് എം എ ജോണ്‍ പുറത്തേക്ക് തെറിച്ചു. ഭസ്മാസുരന് വരം കൊടുത്ത ബ്രഹ്മാവിന്റെ അവസ്ഥയില്‍, കെ എസ് യു സ്ഥാപകന്‍ വെറും പരിവര്‍ത്തനവാദി കോണ്‍ഗ്രസിന്റെ നേതാവായി ഒതുങ്ങി. ഇതൊക്കെ കണ്ടു കെ പി സി സി ഗോപാലേട്ടന് കണ്ണുനീര് തൂകി.
പിന്നെ പ്രവര്‍ത്തനം ഇടതു മുന്നണിയോടൊപ്പം. എന്നാല്‍ ജോണിന്റെ അതുവരെയുള്ള എല്ലാ പ്രവര്‍ത്തിയും കയ്യടിച്ചു പ്രോത്സാഹിപ്പിച്ചിരുന്ന നമ്പൂതിരിപ്പാടിനും കൂട്ടര്‍ക്കും ഉള്‍കൊള്ളാന്‍ പറ്റുന്നതില്‍ അപ്പുറമായിരുന്നു ജോണിന്റെ ആദര്‍ശ പ്രതിപത്തി. ആവേശമുണ്ടാക്കാന്‍ മുദ്രാവാക്യങ്ങള്‍ മുഴക്കുന്ന വലതുപക്ഷ സ്വഭാവക്കാരനായിരുന്നില്ല എം എ ജോണ്‍. “പരിപാടിയിലുള്ള പിടിവാശിയാണ് പരിവര്‍ത്തനവാദിയുടെ പടവാള്…”എന്ന മുദ്രാവാക്യത്തിന് അര്‍ഥം സി പി എം ഉദേശിച്ചതിലും അപ്പുറത്തായിരുന്നു. ഒരു പാര്‍ട്ടിയുടെ പ്രഖ്യാപിത ആദര്‍ശങ്ങളില്‍ വെള്ളം ചേര്‍ക്കുകയോ, അതിനു കടകവിരുദ്ധമായി പ്രവര്‍ത്തിക്കുകയോ ചെയ്താല്‍ അതിനെ എതിര്‍ക്കും എന്ന രീതിയിലുള്ള ജോണിന്റെ പോക്ക് ഏറ്റവും കൂടുതല്‍ ബാധിക്കാന്‍ സാധ്യതയുള്ളത് മാര്‍ക്സിറ്റ് പാര്‍ട്ടിയെ ആയിരുന്നു. പ്രഖ്യാപിത പാര്‍ട്ടി പരിപാടിയില്‍ നിന്ന് വ്യതിചലിച്ചാല്‍ സംസ്ഥാന കമ്മിറ്റി ഓഫീസില്‍ ധര്‍ണയിരിക്കും എന്ന രീതിയില്‍ കാര്യങ്ങള്‍ നീങ്ങി.
അടിയന്തിരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടു. ജോണ്‍ തന്റെ പത്രാധിപത്യത്തില്‍ കൊച്ചിയില്‍ നിന്നും നിര്‍ണയം എന്നൊരു പ്രസിദ്ധീകരണം തുടങ്ങി. അതില്‍ പ്രസിദ്ധീകരിച്ച “ഇന്ദിരയുടെ അടിയന്തിരം” എന്ന ലേഖനം സെന്‍സര്‍ഷിപ്പ് നിയമങ്ങള്‍ക്ക് വിരുദ്ധമായിരുന്നു. അടിയന്തിരാവസ്ഥാ വിരുദ്ധര്‍ ആ ലേഖനത്തെ ആഘോഷിക്കുക തന്നെ ചെയ്തു. പ്രസ് കണ്ടുകെട്ടി. ജോണ്‍ മട്ടാഞ്ചേരി ജയിലില്‍ എത്തി. ഇന്ദിരയ്ക്കെതിരെ ലേഖനമെഴുതിയിട്ടും ജോണിനെ കരുണാകരന് സംരക്ഷിക്കുന്നു എന്ന് ആരോപണം ഉയര്‍ന്നു. അന്നത്തെ ആന്റണി വിഭാഗക്കാര്‍ ആണ് ഈ വിഷയം കെ പി സി സി എക്സിക്യൂട്ടീവില്‍ കുത്തിപ്പൊക്കിയതിനു പിന്നില്‍. അവസാനം ജോണ്‍ മിസ തടവുകാരനായി.
അടിയന്തരാവസ്ഥക്കാലത്ത് ജോണ്‍ ജയിലിലായപ്പോള്‍ ശരിയായ ദിശാബോധം നഷ്ടപ്പെട്ട പരിവര്‍ത്തന വാദികള്‍ ഒറ്റയ്ക്ക് നില്കാന് പെടാപ്പാട് പെട്ടു. അവരെ തിരിച്ചു കോണ്‍ഗ്രസില്‍ ഉള്‍ക്കൊള്ളാന്‍ ആദര്‍ശത്തിന്റെ മൊത്തക്കച്ചവടക്കാര്‍ തയ്യാറായില്ല. പലവിധപദ്ധതികള്, ആലോചനകള്‍. ഒടുവില്‍ ചില നടപടികളില്‍ പ്രതിഷേധിച്ച് പരിവര്‍ത്തനവാദി കോണ്‍ഗ്രസ് പിരിച്ചുവിടാന്‍ ജോണ്‍ തയാറായി. പരിവര്ത്തനവാദികളാകട്ടെ യോഗം കൂടി, യേശു ക്രിസ്തുവിനെ മഹറോന്‍ ചൊല്ലി മതത്തില്‍ നിന്നും പുറത്താക്കുന്ന പോലെ ജോണിനെ തന്നെ പുറത്താക്കി. അപ്പോഴും കേരളത്തിലെ മതിലുകളില്‍ എന്നത്തേയും ആവേശമായ മുദ്രാവാക്യങ്ങള്‍ അവരെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു- “എം.എ.ജോണ്‍ നമ്മെ നയിക്കും!”
പിറ്റേ ദിവസം പത്രമുത്തശ്ശി വെണ്ടയ്ക്ക നിരത്തി –“എം.എ.ജോണ്‍ ഇനി നമ്മെ നയിക്കില്ല”. അടിയന്തിരാവസ്ഥക്കാലത്ത് പാര്‍ടിയില്‍ തനിക്ക് തലവേദനയായിമാറിയ ആന്റണിയേയും കൂട്ടരേയും നിയന്ത്രിക്കാന്‍ കരുണാകരന് തന്നെ ജോണിനെ കയറൂരിവിടുകയായിരുന്നു എന്നൊരു വാദവും ഉണ്ട്. നിര്‍ണയം ഒടുവില്‍ ഇന്ദിരാ വിമര്‍ശനം തുടങ്ങിയപ്പോള്‍ ആദര്‍ശത്തിന്റെ അപ്പോസ്തലന്മാര് അത് എടുത്തു പ്രയോഗിച്ചു.
പിന്നെ യാദവകുലം നശിക്കുന്ന പോലെ പരിവര്‍ത്തനവാദികള്‍ ചിന്നിച്ചിതറിപ്പോയി. സുന്ദരേശന് നായരും ജോസ് തെറ്റയിലും വലിയൊരു സംഘവും ജനതയില്‍ ചേര്‍ന്നു. എം സി ജോസഫൈനും ടി കെ ദേവകുമാറും സി പി എമ്മില്‍ ചേര്‍ന്നു. ഡോക്ടര്‍ എം എ കുട്ടപ്പന് ആന്റണിയുടെ സമക്ഷത്തില്‍ സമസ്താപരാധം പറഞ്ഞു തൊഴുതു. ധിഷണാശാലികളായ മറ്റനേകം പേര് പത്രപ്രവര്‍ത്തനത്തിലും ജീവിതസന്ധാരണ പ്രവര്‍ത്തനങ്ങളിലും മുഴുകി.
ജയിലില്‍ നിന്ന് പുറത്തെത്തിയ ജോണ്‍, കോണ്‍ഗ്രസ് പിളര്‍ന്നപ്പോള്‍ കരുണാകരന്റെ പക്ഷത്തേക്ക് ചേക്കേറി. കേരളത്തിലെ പാര്‍ട്ടിയെ ഇന്ദിരയ്ക്ക് അനുകൂലമാക്കി മാറ്റുന്നതില്‍ വലിയ പങ്കാണ് അദ്ദേഹം വഹിച്ചത്. അപ്പോഴും ആന്റണിക്കെതിരെ ഉള്ള ഒരു വടിയായി കരുണാകരന് ജോണിനെ ഉപയോഗിച്ചു. ഒടുവില്‍ കോണ്‍ഗ്രസ്-എസില്‍ എത്തിയ ജോണ്‍ ഇതില്‍ സംതൃപ്തനാവാതെ സജീവരാഷ്ട്രീയത്തില്‍നിന്ന് പിന്മാറി.
കെ കരുണാകരന് കോണ്‍ഗ്രസ് വിട്ട് ഡിഐസി രൂപവത്കരിച്ചപ്പോള്‍ അദ്ദേഹത്തോടൊപ്പം പോയ എം എ ജോണ്‍ ഡി ഐ സിയുടെ സീനിയര്‍ വൈസ്പ്രസിഡന്റായിരുന്നു. ഒരുപക്ഷെ ജോണ്‍ എന്ന വിപ്ലവകാരിയെ മനസ്സാ സ്നേഹിച്ചിരുന്നവര്‍ക്ക് ഏറ്റവും കൂടുതല്‍ നീരസം തോന്നിയത് കെ മുരളീധരന്റെ പിറകില്‍ അദ്ദേഹം അണിനിരന്നപ്പോള്‍ ആയിരിക്കും. ഡിഐസി എന്‍സിപിയില്‍ ലയിച്ചപ്പോള്‍ അദ്ദേഹം അവിടേയ്ക്ക് പോയില്ല. പകരം ഡി ഐ സി (ലെഫ്റ്റ്) എന്നൊരു സംഘത്തെ നയിച്ചു. ഒടുവില്‍ ഇടതു മുന്നണി സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ തയാറെടുക്കുകയായിരുന്നു.
വിപുലമായ വായനാശീലവും പ്രകൃതി സ്നേഹവുമുള്ള അപൂര്‍വ്വം കോണ്ഗ്രസുകാരിലൊരാളായിരുന്നു എം എ ജോണ്‍. അദ്ദേഹത്തിന്റെ വിപുലമായ ഗ്രന്ഥശേഖരം വായനയില്‍ താല്പര്യമുള്ള ആരെയും അസൂയ കൊള്ളിക്കുന്നതായിരുന്നു. ആദര്‍ശത്തിന് വേണ്ടി വിട്ടുവീഴ്ചകള്‍ക്കൊന്നും തയ്യാറാകാത്ത അദ്ദേഹം സ്ഥാനമാനങ്ങളുടെയോ പദവിയുടെയോ പണത്തിന്റെയോ പ്രലോഭനങ്ങളില്‍ ഒരിക്കല്‍ പോലും അകപ്പെട്ടില്ല.
എം എ ജോണ്‍ |
1971-ല്‍ എം.എ. ജോണിന്റെ നേതൃത്വത്തില്‍ കുര്യനാട്ട് രൂപംകൊണ്ട സ്വതന്ത്ര തൊഴിലാളിയൂണിയന്കാരും ജോണിന്റെ ബന്ധുക്കളായ ഭൂവുടമകളും തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ കൊല്ലപ്പെട്ട കുഞ്ഞുമോന് എന്ന തൊഴിലാളിക്ക് പള്ളിയില്‍ അടക്കം നിഷേധിച്ചപ്പോള്‍ ശവസംസ്കാരത്തിനുവേണ്ട സ്ഥലം വീട്ടുവളപ്പില്‍ നല്‍കിയത് ജോണായിരുന്നു. ആ സ്ഥലത്ത് ജോണ്‍തന്നെ പിന്നീട് ഒരു സ്തൂപവും സ്ഥാപിച്ചു. ലാഭനഷ്ടങ്ങളുടെ കണക്കുപുസ്തകം തുറന്നുവച്ചായിരുന്നില്ല എം.എ. ജോണിന്റെ രാഷ്ട്രീയജീവിതം. വ്യക്തിജീവിതത്തിലും ഈ വിശ്വാസമാണ് അദ്ദേഹത്തെ നയിച്ചത്.
എം.എ. ജോണിന് ആദര്‍ശവും വിശ്വാസവും ഒരിക്കലും അലങ്കാരമായിരുന്നില്ല; ജീവശ്വാസംതന്നെയായിരുന്നു. ജാതിയുടെയും മതത്തിന്റെയും ചട്ടക്കൂടുകളുമായി അദ്ദേഹത്തിന് പൊരുത്തപ്പെടാനാകുമായിരുന്നില്ല. 1978-ല്‍ സ്വന്തം വിവാഹം കുര്യനാട്ടെ മറ്റത്തില്‍ മാന്നുള്ളില്‍ വീട്ടുമുറ്റത്തെ പന്തലില്‍ നടത്തിയ ജോണിന്റെ അന്ത്യനിദ്രയും അദ്ദേഹത്തിന്റെ ആഗ്രഹമനുസരിച്ച് സ്വന്തം വീട്ടുവളപ്പില്‍ത്തന്നെ ആയിരുന്നു.
പള്ളിയോടോ മതത്തോടോ ജോണിന് വിരോധമൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍, അതിന്റെ പേരിലുള്ള പല ആചാരങ്ങളോടും പൊരുത്തപ്പെടാനായില്ലെന്നുമാത്രം.
43-ാമത്തെ വയസ്സിലായിരുന്നു ജോണിന്റെ വിവാഹം. നിസ്വാര്‍ഥ രാഷ്ട്രീയപ്രവര്‍ത്തനത്തിന് തടസ്സമാകുമോ എന്ന ആശങ്കയാണ് കുടുംബജീവിതത്തോട് അതുവരെ മുഖംതിരിഞ്ഞ് നില്ക്കാന് കാരണം. എന്നാല്‍, സജീവ രാഷ്ട്രീയത്തോട് വിടപറയാന്‍ ഒരുങ്ങവെയാണ് 1978-ല്‍ മനസ്സ് മാറിയത്. സ്വന്തം നാട്ടുകാരിതന്നെയായിരുന്നു വധു -എം.എസ്സി. ബിരുദധാരിണിയായ മുണ്ടിയാനിപ്പുറം വീട്ടിലെ ലിസ്സിയാണ് ജോണിന്റെ ജീവിതത്തിലേക്ക് കടന്നുവന്നത്.
ജോണിന്റെ വീട്ടുമുറ്റത്ത് ഉയര്‍ന്ന പന്തലില്‍ സ്പെഷല്‍ മാര്യേജ് ആക്ട് അനുസരിച്ചായിരുന്നു വിവാഹം. പ്രൊഫ. കെ.എം. ചാണ്ടിയടക്കമുള്ള പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ ആശീര്‍വദിക്കാനെത്തി. ലിസി പള്ളിയില്‍ പോകുന്ന പതിവുണ്ടായിരുന്നു. വിവാഹശേഷം അവര്‍ ജോണിന്റെ അമ്മയോടൊപ്പം പള്ളിയില്‍ ചെന്നപ്പോള്‍ അന്നത്തെ വികാരി കുര്‍ബാനയ്ക്കിടെ നടത്തിയ ചില പരാമര്‍ശങ്ങള്‍ അവരെ വേദനിപ്പിക്കുന്നതായിരുന്നു. അതോടെ ലിസിയും പള്ളിയില്‍ പോകാതായി.
ഈ ദമ്പതിമാര്‍ക്ക് രണ്ട് പെണ്മക്കളാണുള്ളത് – ജയശ്രീയും ജയന്തിയും. അവരെ മാമോദീസ മുക്കിയില്ല. മക്കളുടെ സ്കൂള്‍ രജിസ്റ്ററില്‍ മതം ഏതെന്ന ചോദ്യത്തിന് ‘ഇല്ല’ എന്ന് രേഖപ്പെടുത്താനായിരുന്നു ജോണിന്റെ നിര്‍ദേശം. എന്നാല്‍ മക്കളെ മതത്തില്‍നിന്നോ ദൈവത്തില്‍നിന്നോ അകറ്റാന്‍ എം.എ.ജോണ്‍ ശ്രമിച്ചിട്ടുമില്ല. വിശ്വാസത്തിന്റെ വഴി അവര്‍തന്നെ തിരഞ്ഞെടുക്കട്ടെ എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.
എ കെ ആന്റണി എന്ന ‘വിഗ്രഹത്തെ’ നിര്‍മിച്ചവരില്‍ പ്രമുഖനും ഒരു കാലത്ത് ആ വിഗ്രഹത്തിന്റെ ഏറ്റവും വലിയ ആരാധകനും ആയിരുന്ന ശ്രീമാന്‍ (സഖാവ്) ചെറിയാന് ഫിലിപ്പ് എഴുതിയ രാഷ്ട്രീയ വിവരണ ഗ്രന്ഥമാണ് കാല് നൂറ്റാണ്ട്. സഖാവ് ഇ എം എസിനെ പോലും ഭംഗ്യന്തരേണ പുകഴ്ത്തുന്ന ചെറിയാന് ഫിലിപ്പ്, പക്ഷെ എം എ ജോണിന്റെ കാര്യം വരുമ്പോള്‍ വല്ലാതെ നിശബ്ദനാവുന്നു. ആന്റണിയെ ഒരു ദേവദൂതനെ പോലെ അവതരിപ്പിക്കുന്ന ചെറിയാന് ഫിലിപ്പ്, എം എ ജോണിന്റെ പ്രവര്‍ത്തനങ്ങളെ കോലാഹലം എന്ന് വിശേഷിപ്പിക്കുന്നു.
കാല്‍നൂറ്റാണ്ട്, ചെറിയാന് ഫിലിപ്പ് |
രണ്ട് ഉദാഹരണങ്ങള്‍ ….
എ കെ ആന്റണിക്ക് കെ പി സി സി പ്രസിഡണ്ടായ ഉടന്‍ അഭിമുഖീകരിക്കേണ്ടി വന്നത് എം എ ജോണ്‍ സൃഷ്ടിച്ച കോലാഹലങ്ങള്‍ ആണ്. തന്റെ അപ്രമാദിത്വം സംഘടനാ വേദികളില്‍ പ്രകടിപ്പിക്കുന്നതിന് സ്വയം തീരുമാനങ്ങള്‍ എടുക്കാനും അവ മറ്റുള്ളവരില്‍ അടിച്ചേല്പിക്കാനും ജോണ്‍ തയ്യാറായപ്പോളാണ് യൂത്ത് കോണ്‍ഗ്രസ് ജോണിനെ കൈവിട്ടത്. ചിന്താശക്തിയിലും നേതൃ കഴിവുകളിലും ജോണ്‍ ഒരു പ്രതിഭാസം ആയിരുന്നതായി ചെറിയാന് ഫിലിപ്പ് പറയുന്നു.
(ജോണിനെ അവഗണിച്ചു, ആന്റണിയെ കണക്കില്ലാതെ പുകഴ്ത്തി എന്നീ കുഴപ്പങ്ങള്‍ ഒഴിച്ചാല്‍ “കാല് നൂറ്റാണ്ട്” ഒരു നല്ല റെഫെറന്‍സ് ഗ്രന്ഥം ആണ്. ആന്റണി ഹിറ്റ്ലര്‍ ആണെങ്കില്‍ ഗീബല്‍സ് ആണ് ചെറിയാന് ഫിലിപ്പ് എന്ന് ലോനപ്പന് നമ്പാടന് പറഞ്ഞിട്ടുള്ളത് ഇവിടെ പ്രസ്താവ്യമാണ്)
ഒരിക്കല്‍ കെ എസ് യു വിന്റെ നേതൃത്വത്തില്‍ ഒരു സമരം കൊടുമ്പിരി കൊള്ളുന്നു. കോട്ടയത്തെ സമരത്തിനു ആളെ സംഘടിപ്പിക്കണം. അന്ന് സംസ്ഥാന സമിതി അംഗമായ ജോണ്‍ പുതുപ്പള്ളി ഭാഗത്തേക്ക് പോയി. കോട്ടയം ഡി സി സി കൊടുത്ത കാറിലായിരുന്നു യാത്ര. സുഹൃത്തായ പുതുപ്പള്ളി സെന്റ് ജോര്ജു സ്കൂളിലെ ശിവരാമനെ കണ്ടെത്തുകയായിരുന്നു ലക്ഷ്യം. പുതുപ്പള്ളി കവലയില്‍ കണ്ട ഒരാളാട് ശിവരാമന്റെ വീട് തിരക്കി. അയാള്‍ക്കും അറിയില്ലായിരുന്നു. അപ്പോള്‍ പുതുപ്പള്ളി പള്ളിയുടെ ഭാഗത്ത് നിന്ന് വേഗത്തില്‍ ഓടി വന്ന ഒരു കുട്ടിയെ ചൂണ്ടിക്കാട്ടി അയാള്‍ പറഞ്ഞു: “ശിവരാമന്റെ വീട് ഈ പയ്യന് അറിയാം, അവര്‍ ഒരേ സ്കൂളില്‍ ആണ് പഠിക്കുന്നത്.”
“ഏതു, ആ ഷര്‍ട്ടു മാത്രം ഇട്ട കുട്ടിയോ?”, ജോണ്‍ തിരിച്ചു ചോദിച്ചു.
“നിക്കര്‍ ഇട്ടിട്ടുണ്ട്, ഷര്‍ട്ടിന്റെ ഇറക്കം കൊണ്ട് പുറമേ കാണാത്തതാണ്,” എന്നായിരുന്നു മറുപടി. കാര്യം പറഞ്ഞപ്പോള്‍ ആ കുട്ടിയും കൂടി കാറില്‍ കയറി, ശിവരാമന്റെ വീട് കാണിച്ചു കൊടുത്തു
നാളത്തെ സമരത്തിനു വരണം എന്ന് ജോണ്‍ ആ കുട്ടിയോട് പറഞ്ഞു. പിറ്റേന്ന് എല്ലാവരും എത്തും മുന്‍പ് ആ കുട്ടി ഓഫീസില്‍ എത്തി. ആ കുട്ടിയുടെ പേര് ഉമ്മന്‍ ചാണ്ടി എന്നായിരുന്നു. (മനോരമ ദിനപത്രത്തില്‍ വന്ന എം എ ജോണ്‍ അനുസ്മരണത്തില്‍ നിന്ന്)
അഭൌമമായ ആദര്‍ശത്തിന്റെ വര്‍ണാഭമായ പരിവേഷം ജോണിന് ചാര്‍ത്തിക്കൊടുക്കുന്ന വീരകഥകള്‍ ഒരുപാടു കേട്ടിട്ടുണ്ട്. അവയില്‍ കെട്ടിച്ചമച്ചവയുടെ എണ്ണം തുലോം കുറവായിരുന്നു.
കേരളത്തിലെ ഏറ്റവും മുതിര്‍ന്ന പത്ര പ്രവര്‍ത്തകരില്‍ ഒരുവനായ എന്‍ പി രാജേന്ദ്രന് പറയുന്നത് കേള്‍ക്കുക… (മുന്‍ പരിവര്‍ത്തനവാദി നേതാവും ജോണുമായി അടുത്തിടപഴകാന്‍ ഒട്ടനവധി അവസരങ്ങള്‍ സിദ്ധിച്ച ആളുമാണ് ശ്രീ എന്‍ പി രാജേന്ദ്രന്)
“1972-77 കാലത്ത് പരിവര്‍ത്തനവാദി പ്രസ്ഥാനത്തിന്റെ കൊടിയേന്തിയും ചുവരെഴുതിയും ഏറെ ദിനരാത്രങ്ങള്‍ ചെലവഴിച്ച ഒരാളാണ് ഈ ലേഖകന്‍ (എന്‍ പി രാജേന്ദ്രന്). തലശ്ശേരിയിലും പാനൂരിലും കൂത്തുപറമ്പിലും പരിസരങ്ങളിലുമായി എത്ര യോഗങ്ങളില്‍ എം. എ. ജോണിന്റെ പ്രസംഗം ആദ്യാവസാനം കേട്ടിരുന്നിട്ടുണ്ടെന്ന് പറയാനാവില്ല. പലപ്പോഴും ജോണിന്റെ ഒപ്പംതന്നെയാണ് യോഗസ്ഥലത്തേക്ക് പോകാറുള്ളത്. ഇക്കാലത്ത് ബൂത്ത് സിക്രട്ടറിമാര്‍ പോലും ടാക്സിയിലോ സ്വന്തം കാറിലോ ആവും യോഗങ്ങള്‍ക്ക് പോകുന്നത്. ജോണിനെ പൊതുയോഗങ്ങളില്‍ പ്രസംഗിക്കാന്‍ തിരക്കുള്ള ടൗണ്‍ ബസ്സുകളില്‍ കയറ്റിക്കൊണ്ടുപോയ എത്രയോ സംഭവങ്ങള്‍ ഓര്‍മയുണ്ട്. ബസ്സാണോ കാറാണോ എന്നൊന്നും അദ്ദേഹം നോക്കാറേ ഇല്ല. ദൂരസ്ഥലങ്ങളിലേക്കും ജോണിന്റെ പ്രസംഗം കേള്‍ക്കാന്‍ പോകാറുണ്ട്.
മട്ടന്നൂരില്‍ ഒരു യോഗത്തില്‍ പ്രസംഗം കേള്‍ക്കാന്‍ പോയത് ഇന്നുമോര്‍ക്കുന്നു. അവിടെ ഒരു ഉപതിരഞ്ഞെടുപ്പിന്റെ പ്രചാരണം നടക്കുകയായിരുന്നു. ഇടതുമുന്നണിയുടെ സ്ഥാനാര്‍ഥിയായി ജോണ്‍ മാഞ്ഞൂരാന് മത്സരിക്കുന്നു. പരിവര്‍ത്തനവാദികള്‍ ഇടതുമുന്നണിയെ പിന്താങ്ങുന്നു. എം.എ.ജോണാണ് മട്ടന്നൂര്‍ മൈതാനത്തെ യോഗത്തില്‍ പ്രസംഗിക്കുന്നത്. നായനാരും ജോണ്‍ മാഞ്ഞൂരാനുമുള്പ്പെടെ സംസ്ഥാന നേതാക്കള്‍ പ്രസംഗിക്കുന്നുണ്ട്. തലശ്ശേരിയില്‍ നിന്ന് ഞങ്ങളുടെ സംഘം- മനേക്കര രവിയും കെ.രാജനും ടി.കെ.കനകരാജന് മാസ്റ്ററും ശിവദാസനും ഉണ്ടായിരുന്നു എന്നാണോര്‍മ. പ്രസംഗംതീര്ന്നപ്പോഴേക്ക് മണി പത്ത് കഴിഞ്ഞിരിക്കുന്നു. തലശ്ശേരിയിലേക്കുള്ള ലാസ്റ്റ് ബസ് അന്വേഷിച്ചപ്പോഴാണ് അറിയുന്നത്. അത് പോയിരിക്കുന്നു. എന്തുചെയ്യും ? ടാക്സിപിടിച്ചുമടങ്ങുന്നതിനെ കുറിച്ചൊന്നും ചിന്തിക്കാനേ പറ്റില്ല. നടക്കുക തന്നെ. രാഷ്ട്രീയം മാത്രമേ 22 കിലോമീറ്ററെങ്കിലും വരുന്ന ദൂരം നടക്കാന്‍ ഇന്ധനമായുള്ളൂ. നടന്ന് തലശ്ശേരിയെത്തുമ്പോഴേക്ക് നേരം നന്നായി പുലര്‍ന്നിരുന്നു. അങ്ങനെ എത്രയെത്ര യോഗങ്ങള്‍, ചുവരെഴുത്ത് യജ്ഞങ്ങള്‍, സമരങ്ങള്‍… തലശ്ശേരിക്കടുത്തെവിടെയെങ്കിലുമാണ് യോഗമെങ്കില്‍ ട്രെയിനില്‍ രാവിലെ എത്തും ജോണ്‍. അദ്ദേഹം പ്രഭാതകൃത്യങ്ങള്‍ കഴിഞ്ഞ് തയ്യാറാകുമ്പോഴേക്ക് ഞങ്ങളുമെത്തുമായിരുന്നു ചര്‍ച്ചക്കും സംവാദത്തിനും. യോഗസ്ഥലത്തേക്ക് പോകുംവരെ അതുതുടരുകയും ചെയ്യും. അദ്ദേഹത്തിന്റെ ആശയലോകത്ത് വീണുകിട്ടുന്നത് പെറുക്കാന്‍ കാത്തുനില്ക്കാറുണ്ട് ഞങ്ങളനേകം കോളേജ് വിദ്യാര്‍ഥികള്‍.”
ഇത്തരത്തില്‍ സ്വന്തം കയ്യിലെ പണം മുടക്കി എത്രയോ യോഗസ്ഥലത്തേക്ക് പോയ കഥകള്‍. പണമില്ലാത്തപ്പോള്‍ ഒരു അവധൂതനെ പോലെ കിലോമീറ്ററുകള്‍ നടന്ന കഥകള്‍.
എം ഏ ജോണ്‍ ഒരു സമസ്യയാണ്. പരമ്പരാഗത രാഷ്ട്രീയ ഗണിത സൂത്രങ്ങളാല്‍ നിര്‍ദ്ധാരണം ചെയ്യാന്‍ പറ്റാത്ത സമസ്യ. ഒരു സംഘടനയുടെയും ചട്ടക്കൂടില്‍ ഒതുങ്ങി നില്ക്കുന്നതായില്ല അദ്ദേഹത്തിന്റെ ആശയ ലോകം.
അനര്‍ഹരായ നേതാക്കളെ ചുമക്കേണ്ടി വരുന്നു എന്നതാണ് ഒരു ജനത എന്ന നിലയില്‍ കേരളീയരുടെ ശാപം എന്ന് ജോണ്‍ പലപ്പോഴും പറയാറുണ്ടായിരുന്നു.കരുണാകരനും ആന്റണിയും പരസ്പരം സഹായിക്കുന്ന രണ്ടു രാഷ്ട്രീയ ജീവികള്‍ ആണ് എന്നും ഇരുവരുടെയും ശത്രുത കാപട്യമാണ് എന്നും ജോണ്‍ തെളിവ് സഹിതം പ്രസ്താവിച്ചിരുന്നു.
കെ കരുണാകരനെ എ കെ ആന്റണി ഹാരാര്‍പ്പണം ചെയ്യുന്നു |
ജവഹര്‍ലാല്‍ നെഹ്റു പ്രധാനമന്ത്രി സ്ഥാനം രാജി വെക്കണം എന്ന് ആദ്യമായി ആവശ്യപ്പെട്ട കോണ്ഗ്രസുകാരന് ജോണ്‍ ആയിരുന്നു. ഒരാളും ഒരു പദവിയിലും കൂടുതല്‍ കാലം തുടരാന്‍ പാടില്ല എന്ന നിര്‍ബന്ധത്തിന്റെ പുറത്തായിരുന്നു ഇത്. ഇങ്ങനെ പരസ്യമായി ആവശ്യപ്പെട്ടതിനാണ് ജോണിന് ആദ്യം കാരണം കാണിക്കല്‍ നോട്ടീസ് ലഭിക്കുന്നത്. കത്തോലിക്കാ സഭയുടെ സ്വത്ത് സര്‍ക്കാര്‍ നിയന്ത്രണത്തിനു വിധേയമാകണം എന്ന വാദവും ജോണ്‍ അക്കാലത്ത് ഉയര്‍ത്തി. ഒരിക്കല്‍ ഹിന്ദു ദേവസ്വങ്ങളെ നിയന്ത്രിക്കുന്നതിനെ പറ്റി കെ പി സി സി ചര്‍ച്ച ചെയ്യുമ്പോള്‍, “ദേവസ്വം മാത്രം പോര പള്ളിസ്വം കൂടി വേണം” എന്ന് ജോണ്‍ അറുത്തുമുറിച്ചു പറഞ്ഞു. വിമര്‍ശനങ്ങള്‍ ധാരാളം ഉണ്ടായെങ്കിലും ജോണിന് ഒരു കുലുക്കവും ഉണ്ടായില്ല.
സാധ്യതകളുടെ കലയില്‍ ജോണ്‍ ഒരു പരാജയം ആണ്. പക്ഷെ താന്‍ ഉയര്‍ത്തിപ്പിടിച്ച ആദര്‍ശങ്ങളില്‍ ജോണിന് പിന്നാക്കം പോകേണ്ടി വന്നില്ല.
കള്ളനെയും കൊള്ളക്കാരനെയും ഒക്കെ ആഴ്ചകള്‍ കൊണ്ട് തിരിച്ചെടുക്കുന്ന കോണ്‍ഗ്രസില്‍ ജോണ്‍ പുറത്തു നിന്നത് പന്ത്രണ്ടു വര്‍ഷം. (പിന്നീട് ഏറ്റവും കൂടുതല്‍ കാലം പുറത്തു നിന്നത് കെ മുരളീധരന്).
എം.എ. ജോണിന് ആദര്‍ശവും വിശ്വാസവും ഒരിക്കലും അലങ്കാരമായിരുന്നില്ല; ജീവശ്വാസം തന്നെയായിരുന്നു. ജാതിയുടെയും മതത്തിന്റെയും ചട്ടക്കൂടുകളുമായി അദ്ദേഹത്തിന് പൊരുത്തപ്പെടാനാകുമായിരുന്നില്ല. താന്‍ വളര്‍ത്തിക്കൊണ്ടുവന്നവര്‍ തന്നെ ചതിച്ചു എന്നൊരു ദുഃഖം അവസാന കാലം വരെ ജോണിനെ പിന്തുടര്ന്നു.
1961-ല്‍ കെഎസ്യു പ്രവര്‍ത്തനത്തിന് പണം സ്വരൂപിക്കാന്‍ ജോണിന്റെ നേതൃത്വത്തില്‍ എറണാകുളത്ത് ഒരു ലോട്ടറി നടത്തിയിരുന്നു. അതിന് കണക്കെഴുതാന്‍ കൊണ്ടുവന്നതാണ് എ.കെ. ആന്റണിയെ. “പ്രസംഗിക്കാന്‍ അറിയാത്ത, പൊതുപ്രവര്‍ത്തനത്തില്‍ താല്പര്യമില്ലാത്ത ആന്റണിക്ക് മറ്റൊരു ചുമതല കൂടി അന്നുണ്ടായിരുന്നു. ഞാനും വയലാര്‍ രവിയും പുറത്തുപോകുമ്പോള്‍ ഓഫീസിന്റെ കാവല്‍ജോലി,” ജോണ്‍ സ്വജീവിതത്തിലെ ഒരു സുപ്രധാന ഏട് പറയുകയാണ്; യാതൊരു വളച്ചുകെട്ടുമില്ലാതെ.
എം ഏ ജോണിന്റെ തന്നെ വാക്കുകളില്‍ :
“ഞാനാദ്യം പറഞ്ഞ ആന്റണിയില്‍ നിന്ന് ഭരണാധികാരിയായി മാറിയ ആന്റണിയുടെ ചിത്രം കോണ്‍ഗ്രസ്സിനും കേരളത്തിനും നന്നായി അറിയാം. സാഹചര്യങ്ങള്‍ – സാഹചര്യങ്ങളാണ് ആന്റണിക്ക് സ്ഥാനമാനങ്ങള്‍ നല്‍കിയത്”.
“ആന്റണിയുടെ ആദര്‍ശമുഖം കപടതയാണ്. തന്റെ സൗകര്യങ്ങള്‍ക്കും നിലനില്പിനും വേണ്ടിയുള്ള ഒരു ഉപകരണമായി മാത്രമേ ആന്റണി കോണ്‍ഗ്രസിനെ കാണുന്നുള്ളു. കേരളത്തിലെ കോണ്‍ഗ്രസ്സിന്റെ ശാപവുമതാണ്. ഇതൊന്നും ആന്റണിയോട് എന്തെങ്കിലും കുശുമ്പോ അസൂയയോ കൊണ്ട് പറയുന്നതല്ല. നിലപാടുകള്‍ മാറ്റിയും ന്യായീകരണങ്ങള്‍ നിരത്തിയും നീണ്ട മൗനങ്ങള്‍ നല്‍കിയും സ്ഥാനമാനങ്ങള്‍ നേടുന്ന തന്ത്രജ്ഞതയാണ് ആന്റണിയെ നയിക്കുന്നത്. അല്ലാതെ ലക്ഷ്യങ്ങളല്ല.”
എം എ ജോണ്‍ സംസാരിക്കുന്നു |
നേടാനായി രാഷ്ട്രീയം കളിക്കുക എന്ന പരമ്പരാഗതമായ അര്‍ഥത്തില്‍ ജോണിന്റെ ജീവിതം പരാജയമാണ്. അദ്ദേഹത്തിന്റെ ആദര്‍ശമോ അതിന്റെ പിടിവാശികളോ സമൂഹത്തിന് കാര്യമായ സംഭാവനകളൊന്നും നല്‍കിയില്ല, പരിവര്‍ത്തനങ്ങളൊന്നും ഉണ്ടാക്കിയുമില്ല. ഒരിഞ്ചുപോലും വഴി മാറി സഞ്ചരിക്കേണ്ടി വന്നില്ലല്ലോ എന്ന ഒരേയൊരു സമാധാനത്തോടെയാവും ആ ജീവിതം അവസാനിച്ചിട്ടുണ്ടാവുക. ആലോചിച്ചുറപ്പിച്ച നിലപാടുകളില്‍ നിന്ന് പിന്നോട്ട് പോകാതിരിക്കുക എന്നത് ഒരു വിജയമാണെങ്കില്‍, കേരളത്തിലെ രാഷ്ട്രീയക്കാരില്‍ ഏറ്റവും വിജയിച്ചത് എം ഏ ജോണ്‍ ആയിരിക്കും. അനുരഞ്ജനം എന്നത് പരാജയം, നിലപാട് മാറ്റം എന്നിവയുടെ ഏറ്റവും മാന്യമായ പര്യായം ആണ് എന്ന് വിശ്വസിച്ച ജോണ്‍ ഒരു വിജയമായിരുന്നു.
പക്ഷെ പൊതു ജീവിതത്തില്‍ ആരും ഉച്ച സൂര്യന്മാര് ആകാന്‍ പാടില്ല എന്ന പാഠവും ജോണിന്റെ ജീവിതം നമുക്ക് തരുന്നു. ഉച്ചസൂര്യന്മാരെ ആരും നോക്കാന്‍ മടിക്കും. ഉച്ച സൂര്യന്റെ സമീപത്തേക്ക് ആര്‍ക്കും എത്താനും പറ്റില്ല. ജോണ്‍ തന്റെ കാലത്തെ ഉച്ച സൂര്യന് ആയിരുന്നു. അത് തന്നെയായിരുന്നു ജോണിന്റെ വിജയവും പരാജയവും
അര്‍ഹതയില്ലാത്ത പലരെയും ഓര്‍ക്കുകയും അനുസ്മരിക്കുകയും ആഘോഷിക്കുകയും ചെയ്യുന്ന കോണ്‍ഗ്രസ്, ജോണിനെ മറക്കുമ്പോള്‍ ആ മറവിയാണ്, അത് മാത്രമാണ് ആദര്‍ശവാനായ ജോണിനുള്ള ഏറ്റവും വലിയ സ്മാരകം…