കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ അണി നിരന്ന കലാവിസ്മയങ്ങള്‍; ഡോര്‍സെറ്റ് മലയാളി അസോസിയേഷന്റെ ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷം ഗംഭീരമായി

യുകെയിലെ തന്നെ മാതൃസംഘടനകളില്‍ ഒന്നായ ഡോര്‍സെറ്റ് മലയാളി അസോസിയേഷന്റെ ക്രിസ്മസ് ന്യൂഇയര്‍ ആഘോഷം ഇക്കഴിഞ്ഞ ജനുവരി ആറിന് പൂളിലെ സെന്റ് എഡ്വവെര്‍ഡ് സ്‌കൂളിന്റെ ഹാളില്‍ വച്ചു നടത്തപെട്ടു. കഴിഞ്ഞ രണ്ടു വര്‍ഷം ഡിഎംഎയെ നയിച്ച സജി ലൂയിസിന്റെ നേതൃത്വത്തിലുള്ള ടീമിന്റെ മികവുറ്റ പ്രവര്‍ത്തനത്തിന്റെ ഒരു നേര്‍കാഴ്ച്ചയായിരുന്നു പിന്നീട് അരങ്ങേറിയത്.

രാവിലെ 11 മണിക്ക്.

ഈശ്വരപ്രാര്‍ത്ഥനയോടുകൂടി ആരംഭിച്ച പൊതു യോഗത്തില്‍ നൈസണ്‍ ജോസഫ്, ഡിഎംഎ യിലെ അംഗങ്ങളുടെ, ഉറ്റവരുടെ വിയോഗത്തില്‍ അനുശോചനം അറിയിച്ചു. പിന്നീട് റോയ് ജോസഫ് റിപ്പോര്‍ട്ട് വായിക്കുകയും, ഒപ്പം സതീഷ് സ്‌കറിയ, വരവ് ചെലവ് കണക്കുകള്‍ അംഗങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുകയും ചെയ്തു. പിന്നീട് കലാ മേളയില്‍ അസോസിയേഷന്റെ പേര് വാനോളം ഉയര്‍ത്തി നാഷണല്‍ മത്സരങ്ങളില്‍ പങ്കെടുത്തു, വിജയികളയാവരെ അനുമോദിക്കുകയും പുരസ്‌കാരങ്ങള്‍ കൈമാറുകയും ചെയ്തു.

പ്രസിഡന്റ് സജി ലൂയിസിന്റെ നേതൃത്വത്തില്‍ ഡിഎംഎയുടെ എല്ലാ ഭാരവാഹികളും ചേര്‍ന്ന് തിരി തെളിയിച്ച് ഔദ്യോഗികമായി കലാപരിപാടികള്‍ ഉദ്ഘാടനം ചെയ്തു. അതിനു ശേഷം സില്‍വര്‍ ജൂബിലിയുടെ പടിവാതിലില്‍ എത്തി നില്‍ക്കുന്ന, ഡിഎംഎ യെ മുന്നോട്ടു നയിക്കാന്‍ റോബിന്‍ ജോസഫിന്റെ നേതൃത്വത്തില്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുകയും ചെയ്തു.

വൈസ് പ്രസിഡന്റ് നിഷ സുനില്‍, സെക്രട്ടറി ലൂക്കാസ് പുന്നമൂട്ടില്‍, ട്രഷറര്‍ മാര്‍ട്ടിന്‍ പോള്‍, വിമന്‍സ് കോര്‍ഡിനേറ്റര്‍ സ്മിത ബിബിന്‍, എക്‌സിക്യൂട്ടീവ് അംഗങ്ങളായി സൗമ്യ ഉല്ലാസ്, വിനോ തോമസ്, ലാലിച്ചന്‍ ചാക്കോ, ജെയ്‌സണ്‍ കോശി, സാബു ശശീധരന്‍, റോഷിന്‍ മാത്യു, ആന്‍ റിയ റെമി, അലക്‌സ് ലൂയിസ് യൂത്ത് കോര്‍ഡിനേറ്റര്‍, യുക്മ റെപ്രസേന്റീവ് സുനില്‍, ഓഡിറ്റര്‍ വിന്‍സെന്റ് മത്തായി എന്നിവരെ ഏകകണ്‌ഠേനെ തെരഞ്ഞെടുത്തു.

ഇലക്ഷന്‍ കോര്‍ഡിനേറ്റര്‍ അനോജ് ചെറിയാന്റെയും കഴിഞ്ഞ കാല പ്രസിഡന്റ് സജി ലൂയിസ്, സെക്രട്ടറി റോയ് പഴയിടത്ത് എന്നിവരുടെ നേതൃത്വത്തില്‍ പൊതുയോഗത്തില്‍ പുതിയ ഭാരവാഹികളെ അംഗങ്ങള്‍ക്ക് പരിചയപ്പെടുത്തി. സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനുവേണ്ടി ആശയങ്ങളും നിര്‍ദേശങ്ങളുമായി മുന്നോട്ടുവരണമെന്ന് പുതിയ ഭാരവാഹികള്‍ അസോസിയേഷന്‍ അംഗങ്ങളോട് അഭ്യര്‍ത്ഥിച്ചു.

പിന്നീട് ഡിഎംഎയുടെ സ്വന്തം ഗായകര്‍ അണിനിരന്ന മനോഹരമായ കരോള്‍ ഗാനങ്ങളോടെ കലാപരിപാടികള്‍ ആരംഭിച്ചു. കൊച്ചു കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ മത്സരിച്ചു പങ്കെടുത്ത ക്ലാസിക്കലും ഫ്യൂഷനും ഇട കലര്‍ന്ന കലാപരിപാടികള്‍ മികച്ച നിലവാരം പുലര്‍ത്തി. ക്രിസ്മസ് സന്ദേശം വിളിച്ചോതുന്ന സ്‌കിറ്റും,

Life’s Runway: A Journey in style: എന്ന ജീവിത ചക്രം (life cycle) മുന്നില്‍ കാട്ടിത്തരുന്ന സ്‌കിറ്റും, മണിച്ചിത്രത്താഴ് എന്ന കോമഡി സ്‌കിറ്റും കാണികള്‍ക്ക് നയന മനോഹരമായ കാഴ്ചകള്‍ സമ്മാനിച്ചു.

മുതിര്‍ന്നവരുടെ മാര്‍ഗംകളി പാരമ്പര്യത്തിന്റെ തനിമയും ഒപ്പം നര്‍മവും കലര്‍ത്തി അവതരിപ്പിച്ചത് ഒരു പുതുമയായി. മ്യൂസിക് ഫ്യൂഷന്‍ രാവിന് ഉണര്‍വേകിയപ്പോള്‍ കൊച്ചുകുട്ടികളും മുതിര്‍ന്നവരും അവതരിപ്പിച്ച കവിതാ പാരായണം കേരളത്തിന്റെ സാംസ്‌കാരിക പൈതൃകം വിളിച്ചോതുന്നവയായിരുന്നു. മുതിര്‍ന്നവരുടെ തീം ഡാന്‍സുകള്‍ പരിപാടി വര്‍ണശോഭമാക്കിയപ്പോള്‍ യുവതലമുറയുടെ അതിഗംഭീരമായ നൃത്തചുവടുകള്‍ വലിയ സ്റ്റേജ് ഷോകളെ പോലും വെല്ലുവിളിക്കും വിധം ചടുലതയോടുകൂടി ഉള്ളയവ ആയിരുന്നു.

രാത്രി എട്ട് മണിക്ക് ശേഷം റെമി ജോസഫിന്റെ നന്ദി പ്രകാശനത്തോടുകൂടി ഡിഎംഎയുടെ ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്ക് തിരശീല വീണു. അംഗങ്ങളുടെ കെട്ടുറപ്പാണ് ഡിഎംഎ എന്ന കൂട്ടായ്മയുടെ മുതല്‍ക്കൂട്ട് എന്ന് ഓര്‍മ്മിപ്പിച്ചു കൊണ്ട് അദ്ദേഹം വാക്കുകള്‍ ഉപസംഹരിച്ചു. മട്ടാഞ്ചേരി കേറ്ററിങ് ആണ് വിഭവസമൃദ്ധമായ ഉച്ചഭക്ഷണവും വൈകുന്നേരം ചായയും പലഹാരവും ഒരുക്കിയിരുന്നത്.